എയിംസ് കോഴിക്കോട് കിനാലൂർതന്നെ വേണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗം പി ടി ഉഷ കേന്ദ്രആരോഗ്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയായതാണന്നും കത്തിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ എയിംസ് ആലപ്പുഴയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് പി.ടി ഉഷ കിനാലൂരിന് വേണ്ടി കത്തയച്ചത്. നേരത്തെ രാജ്യസഭയിൽ രണ്ട് തവണ ഇക്കാര്യം പിടി ഉഷ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ എയിംസിനായി സ്ഥലം നിർണയിച്ചിട്ടുള്ളത്. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എയിംസിൽ തർക്കം ഉടലെടുത്തത്. നേരത്തെ അയച്ചിരുന്ന കത്ത് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് അയക്കുകയായിരുന്നു പിടി ഉഷ. സംസ്ഥാന സർക്കാർ നിർണയിച്ചിരിക്കുന്ന സ്ഥലത്ത് തന്നെ എയിംസ് വരണമെന്നതിൽ പിടി ഉഷ ഉറച്ചുനിൽക്കുകയാണ്.
ബിജെപി സംസ്ഥാന നേതൃത്വത്തെ അവഗണിച്ച് ആലപ്പുഴയ്ക്കായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വാദിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടാണെന്നാണ് പ്രതികരണം. സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കെ. സി. വേണുഗോപാൽ എം.പിയും രംഗത്തുവന്നു. ഇതിനിടെ എയിംസിനായി അവകാശവാദമുന്നയിച്ച് കൂടുതൽ ബിജെപി ജില്ലാ നേതൃത്വങ്ങൾ രംഗത്തെത്തി. തിരുവനന്തപുരത്ത് എയിംസ് വേണമെന്ന് ജില്ലാ പ്രസിഡന്റ് കരമന ജയൻ പറഞ്ഞു.