Headlines

ഒടുവിൽ BSNL 4 G റെഡി ;നാളെ മുതൽ രാജ്യത്തുടനീളം സേവനം ആരംഭിക്കും

ബി എസ് എൻ എൽ ഉപഭോക്താക്കൾ ഏറെ നാളായി കാത്തിരുന്ന രാജ്യവ്യാപക 4 ജി സേവനങ്ങൾ നാളെ മുതൽ ലഭ്യമാകും. സേവനങ്ങൾ എല്ലാവരിലേക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബി എസ് എൻ എൽ ഇതുവരെ ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ സ്ഥാപിച്ചു. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം നെറ്റ് വർക്കിന്റെ പ്രവർത്തനം പൂർത്തിയാക്കുമെന്നും എല്ലാ ഉപഭോക്താക്കൾക്കും നവീകരിച്ച നെറ്റ്‌വർക്ക് ലഭ്യമാകുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവി അറിയിച്ചു.

2024ൽ തന്നെ 25,000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ മെട്രോ നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ തുടങ്ങിയിരുന്നു. ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ നൽകുന്നതിനും , അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതിനുമായി 47,000 കോടിയുടെ വരെ നിക്ഷേപം നടത്താൻ ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

ഒഡീഷയിലെ ജാർസുഗുഡയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ബിഎസ്എൻഎല്ലിന്റെ 97,500-ലധികം 4ജി മൊബൈൽ ടവറുകൾ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 4ജി ലഭ്യമാക്കുന്നതിനായി പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും, സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാനായി ബിഎസ്എൻഎൽ സ്ഥാപിച്ച 92,600-ലധികം മൊബൈൽ സൈറ്റുകൾ ‘സ്വദേശി’ 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണെന്നും, 5ജിയിലേക്ക് ഇത് വളരെ വേഗം അപ്‌ഗ്രേഡ് ചെയ്യാവുന്നതാണെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.