തിരുവനന്തപുരം മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അങ്കണവാടി ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിഡബ്ല്യുസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെയാണ് മര്‍ദന വിവരം കുഞ്ഞിന്റെ വീട്ടുകാര്‍ അറിയുന്നത്. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് കുഞ്ഞിനെ മര്‍ദിച്ചത് എന്നായിരുന്നു പരാതി. മൂന്ന് വിരല്‍പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ മര്‍ദ്ദിച്ചതായി കണ്ടെത്തിയത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നരുവാമൂട് പൊലീസിന്റേതാണ് നടപടി.
മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ കര്ണപുടത്തില് തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിച്ചിരുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങളില്ലെന്നും അടിയുടെ ആഘാതത്തിലുള്ള വേദനയും നീരുമാണുള്ളതെന്നും കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതര്‍ ഇന്നലെത്തന്നെ ബാലാവകാശ കമ്മീഷന് പരാതി കൈമാറിയിരുന്നു. തമ്പാനൂര്‍ പൊലീസിനെയും ആശുപത്രി അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നു. ടീച്ചര്‍ക്കെതിരെ വകുപ്പ്തല നടപടിയുമുണ്ടാകും.