Headlines

‘ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചു, ജീവിതത്തിലെ കഠിനമായ വേദന’; അപൂർവ്വ രോഗത്തെ അതിജീവിച്ച കഥ വെളിപ്പെടുത്തി സൽമാൻ ഖാൻ

ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗത്തെ അതിജീവിച്ചതിൻ്റെ കഥ തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന ഈ രോഗം കാരണം അനുഭവിച്ച കഠിനമായ വേദനയെക്കുറിച്ചും, അത് തൻ്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം പങ്കുവെച്ചു. ഈ അവസ്ഥയുടെ തീവ്രത കാരണം ഇതിനെ ‘സൂയിസൈഡ് ഡിസീസ്’ എന്നും വിളിക്കാറുണ്ട്.

ആമിർ ഖാനുമായി ‘ടു മച്ച്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സൽമാൻ തൻ്റെ രോഗവിവരം വെളിപ്പെടുത്തിയത്. ട്രൈജെമിനൽ ന്യൂറാൾജിയ മൂലം ഒരു ഓംലെറ്റ് പോലും ചവയ്ക്കാൻ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും കഴിക്കാതെ വേദന സഹിക്കാനാവാതെ പലപ്പോഴും പ്രഭാതഭക്ഷണം ഒഴിവാക്കി നേരിട്ട് അത്താഴം കഴിക്കേണ്ടി വന്നിട്ടുണ്ട്. ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കേണ്ടി വന്ന ആ ദുരിതകാലം അദ്ദേഹം ഓർത്തെടുത്തു. ഈ വേദന തൻ്റെ ഏറ്റവും വലിയ ശത്രുവിന് പോലും വരരുതെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു.

പാർട്ണർ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഈ വേദനയുടെ തുടക്കം. തുടക്കത്തിൽ പല്ലിൻ്റെ പ്രശ്നമാണെന്ന് ഡോക്ടർമാർ കരുതി. എന്നാൽ പിന്നീട് വെള്ളം കുടിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായപ്പോഴാണ് ഇത് ട്രൈജെമിനൽ നാഡിയെ ബാധിക്കുന്ന ഗുരുതരമായ രോഗമാണെന്ന് മനസ്സിലായത്. സംസാരത്തെയും ഭക്ഷണത്തെയും പോലും തടസ്സപ്പെടുത്തുന്ന ഈ അവസ്ഥ രോഗിയുടെ ജീവിതം ദുസ്സഹമാക്കും. അതുകൊണ്ടാണ് കഠിനമായ വേദന കാരണം പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതും ഈ രോഗത്തിന് ‘സൂയിസൈഡ് ഡിസീസ്’ എന്ന വിളിപ്പേര് വന്നതും.രോഗത്തിൽ നിന്ന് രക്ഷ നേടുന്നതിനായി സൽമാൻ ഖാൻ ഗാമ നൈഫ് സർജറിക്ക് വിധേയനായി. എട്ട് മണിക്കൂറോളം നീണ്ടുനിന്ന ഈ ശസ്ത്രക്രിയയിലൂടെ 30 ശതമാനം ആശ്വാസം മാത്രമേ ലഭിക്കൂ എന്ന് വിദഗ്ദ്ധർ പറഞ്ഞിരുന്നു. എന്നാൽ ഭാഗ്യവശാൽ തൻ്റെ രോഗം പൂർണ്ണമായി ഭേദമായെന്നും വേദനയിൽ നിന്ന് പൂർണ്ണമായി മുക്തി നേടിയെന്നും സൽമാൻ ഖാൻ പറഞ്ഞു.