സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധത്തിൽ ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരം നടത്തുന്ന 15 പേരിൽ രണ്ടുപേരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സോനം വാങ് ചുക് നിരാഹാര സമരത്തിൽ നിന്ന് പിൻമാറി. അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സോനം വാങ് ചുക് അറിയിച്ചു. സമാധാന പാതയെക്കുറിച്ചുള്ള തന്റെ സന്ദേശം പരാജയപ്പെട്ടു.ഇത് നമ്മുടെ ലക്ഷ്യത്തിന് ദോഷം ചെയ്യുമെന്നും അവർ പറഞ്ഞു.
ഇതിനെ തുടർന്ന് ലേ അപെക്സ് ബോഡിയുടെ (LAB) യുവജന വിഭാഗം പ്രതിഷേധത്തിനും ബന്ദിനും ആഹ്വാനം ചെയ്തു. പ്രതിഷേധക്കാർ ബിജെപി ഓഫീസിന് തീയിടുകയും സിആർപിഎഫ് വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ആഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി. ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ രംഗത്ത് വന്നിരിക്കുന്നത്.