Headlines

പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാട് ഹമാസിന് സഹായകമാകും; ഏഴു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞു’; UN പൊതുസഭയിൽ ട്രംപ്

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ യുഎൻ പൊതുസഭയിൽ തുറന്നടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലസ്തീനെ പിന്തുണയ്ക്കുന്ന നിലപാട് ഹമാസിന് സഹായകമാകുമെന്ന് ട്രംപ് പറഞ്ഞു. ഏഴു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു.

സഖ്യരാഷ്ട്രങ്ങളായ ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെ പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച നിലപാട് ഹമാസിനാണ് സഹായകരമാകുന്നത്. എല്ലാ ബന്ദികളേയും സുരക്ഷിതരായി തിരിച്ചെത്തിക്കാനാകുംവിധമുള്ള വെടിനിർത്തലാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയുമായി സഹകരിക്കുന്ന ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയതുപോലെ കനത്ത നികുതി ചുമത്താൻ യൂറോപ്യൻ യൂണിയനോട് ഐക്യരാഷ്ട്രസഭാ പൊതുസഭയിലെ ഒരു മണിക്കൂറു നീണ്ട പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഹംഗറി, സ്ലോവാക്യ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളേയും ട്രംപ് പേരെടുത്തുപറഞ്ഞ് നിശിതമായി വിമർശിച്ചു. കുടിയേറ്റം രാജ്യങ്ങളുടെ ഘടനയെത്തന്നെ മാറ്റിമറിക്കുകയാണെന്നും അഭിമാനമുള്ള രാഷ്ട്രങ്ങൾ അവരുടെ സമൂഹങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കണമെന്നും ട്രംപ് പറഞ്ഞു.

വ്യത്യസ്തമായ ആചാരങ്ങളും മതങ്ങളുമുള്ള ആളുകളാൽ സമൂഹങ്ങൾ അടിച്ചമർത്തപ്പെടരുതെന്ന് ജർമ്മൻ കുടിയേറ്റക്കാരുടെ പിൻഗാമിയായ ട്രംപ് പറഞ്ഞത് കൗതുകരമായ കാഴ്ചയുമായി. സ്വിറ്റ്‌സർലൻഡും ഗ്രീസും ബ്രിട്ടനുമെല്ലാം കുടിയേറ്റക്കാരാൽ വലയുന്ന രാഷ്ട്രങ്ങളാണെന്നും നരകത്തിലേക്കാണ് അവരുടെ യാത്രയെന്നും ട്രംപ് അധിക്ഷേപിച്ചു. ഏഴു യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദം ആവർത്തിച്ച ട്രംപ്, സമാധാനകരാറുകൾ അന്തിമമാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഐക്യരാഷ്ട്രസഭയിൽ നിന്നും ഒരു ഫോൺകോൾ പോലും തനിക്ക് ലഭിച്ചില്ലെന്നും കുറ്റപ്പെടുത്തി.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനസിദ്ധാന്തവുമെല്ലാം പടിഞ്ഞാറൻ രാജ്യങ്ങളുടെ സാമ്പത്തികവളർച്ച കുറയ്ക്കുന്നതിനായി രൂപകൽപന ചെയ്ത ഒരു തട്ടിപ്പാണെന്നും പുനരുപയോഗ ഊർജത്തിനെതിരായ വിമർശനം തുടർന്നുകൊണ്ട് ട്രംപ് പറഞ്ഞു. പുനരുപയോഗ ഊർജത്തിൽ നിന്നും ഫോസിൽ ഇന്ധനങ്ങളിലേക്ക് മടങ്ങിയതിന് ജർമ്മനിയെ അഭിനന്ദിച്ച ട്രംപ് ഫോസിൽ ഇന്ധന ഉപയോഗത്തിലേക്ക് മടങ്ങിയില്ലെങ്കിൽ രാജ്യങ്ങൾ നശിക്കുമെന്നും പറഞ്ഞു.