ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനെതിരെ പരാതി നൽകി മാധ്യമ പ്രവർത്തക. കൈരളി ടിവി റിപ്പോർട്ടർ സുലേഖയാണ് ഡിജിപിക്ക് പരാതി നൽകിയത്. ജോലി തടസപ്പെടുത്തി, അപകീർത്തിപ്പെടുത്തി, ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പ്രതികരണം തേടുന്നതിനിടയിൽ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം സുലേഖയോട് മോശമായി പെരുമാറിയിരുന്നു.
തുടർന്നാണ് മാധ്യമ പ്രവർത്തക DGP ക്ക് പരാതി നൽകിയത്. പരാതി ഡിജിപി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്‌ക്കെതിരേ രാജീവ് ചന്ദ്രശേഖര്‍ കയര്‍ത്ത് സംസാരിച്ചത്.
‘നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങള്‍ ഏതു ചാനലാ? മതി, അവിടെ ഇരുന്നാമതി, നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്, ഞാന്‍ മറുപടി തരില്ല’ എന്നെല്ലാം രാജീവ് ചന്ദ്രശേഖര്‍ ക്ഷുഭിതനായി പറഞ്ഞിരുന്നു. അനിലിനെ പ്രതിസന്ധി സമയത്ത് ബിജെപി സംരക്ഷിച്ചില്ലെന്ന് ആര് പറഞ്ഞുവെന്നും വേണ്ടാത്ത കാര്യങ്ങള്‍ പറയരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.സംഭവത്തില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.