Headlines

ഏഷ്യ കപ്പില്‍ പാകിസ്താനും ശ്രീലങ്കക്കും ഇന്ന് നിര്‍ണായക പോരാട്ടം

ഏഷ്യകപ്പില്‍ ഇന്ന് തീപാറും പോരാട്ടം. നിര്‍ണായക സൂപ്പര്‍ ഫോറില്‍ പാകിസ്താനും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുക. രാത്രി എട്ടിന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ സൂപ്പര്‍ ഫോറില്‍ ഇരുടീമുകളും തോല്‍വിയറിഞ്ഞ് വരുന്നതിനാല്‍ തന്നെ സമ്മര്‍ദ്ദത്തിലാണ് കളിക്കാര്‍. ഇന്ന് വിജയിക്കുന്ന ടീം ഫൈനലില്‍ ഇടം നേടാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നിരിക്കെ മത്സരം മുറുകും. പ്രവചനാതീതമായ പ്രകടനത്തിന് പേരുകേട്ട പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നെങ്കിലും ഇന്ത്യയോട് പക്ഷേ കളിച്ച രണ്ട് മാച്ചുകളിലും ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയ്ക്കെതിരായ ആദ്യ സൂപ്പര്‍ ഫോറില്‍ തിരിച്ചുവരവിനായി ശ്രമിച്ചെങ്കിലും പരാജയപെടുകയായിരുന്നു. ബാറ്റിങ് സ്ഥിരതയില്ലായ്മയാണ് പാക് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. മധ്യ ഓവറുകളില്‍, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും മികച്ച പങ്കാളിത്തങ്ങള്‍ ഉണ്ടാക്കാനും അവര്‍ക്ക് സാധിക്കുന്നില്ല. ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ മുന്‍നിരയില്‍ ഒരു പ്രധാന വ്യക്തിയായി തുടരുന്നത്, അദ്ദേഹത്തിന്റെ പ്രകടനമാണ് പാകിസ്താന്‍ നിരയില്‍ വിശ്വാസിക്കാവുന്ന ഏക ബാറ്റര്‍. അതേസമയം, ഷഹീന്‍ ഷാ അഫ്രീദിയും ഹാരിസ് റൗഫും നയിക്കുന്ന ബൗളിംഗ് ആക്രമണം ഒട്ടും മോശമല്ല. ഏത് ബാറ്റിംഗ് നിരയെയും തകര്‍ക്കാനുള്ള കഴിവ് ഇരു കളിക്കാര്‍ക്കുമുണ്ട്

ടൂര്‍ണമെന്റിലുടനീളം ശ്രീലങ്ക മികച്ച പ്രകടനം കാഴ്ചവെച്ചാണ് രണ്ടാം സൂപ്പര്‍ ഫോറിലേക്കെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തിന് ശേഷം ഒന്നാം സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് അവര്‍ കഷ്ടിച്ചാണ് പരാജയപ്പെട്ടത്. പാത്തും നിസ്സങ്കയും കുശാല്‍ മെന്‍ഡിസും നയിക്കുന്ന അവരുടെ ബാറ്റിങ്‌നിര താരതമ്യേന സ്ഥിരതയുള്ളതാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള കളിക്കാരാണ് ഇരുവരും. മധ്യ ഓവറുകളില്‍ മത്സരഗതി മാറ്റാന്‍ കഴിവുള്ള വാനിന്ദു ഹസരംഗയാണ് ശ്രീലങ്കന്‍ യൂണിറ്റിന്റെ യഥാര്‍ത്ഥ ശക്തി. അതേ സമയം അബുദാബിയിലെ സാഹചര്യങ്ങള്‍ മത്സര ഫലത്തെ സ്വാധീനിച്ചേക്കാം. തുടക്കത്തില്‍ സീമര്‍മാര്‍ക്ക് പിച്ച് അനുകൂലമായിരിക്കും. മത്സരം പുരോഗമിക്കുമ്പോള്‍ സ്പിന്നര്‍മാരെ കൂടി തുണക്കുന്ന പിച്ചാകും. രണ്ടാം ഇന്നിംഗ്‌സില്‍ മഞ്ഞുവീഴ്ച്ചയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചേക്കാം.