പ്രധാനമന്ത്രിയുടെ തന്ത്രപരമായ നിശബ്ദത രാഷ്ട്രത്തിന് ബാധ്യതയായിരിക്കുന്നുവെന്ന് ഗൗരവ് ഗൊഗോയ് കുറിച്ചു. എച്ച് 1-ബി വിസയുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള ഒരു വിഭാഗത്തെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ഒരു ഐഎഫ്എസ് വനിതാ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സമയത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സ്വീകരിച്ച നിലപാടിനെ കുറിച്ച് താന്‍ ഇപ്പോള്‍ ഓര്‍ത്തുപോകുന്നുവെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഈ തന്ത്രപരമായ നിശബ്ദത രാജ്യത്തിനും പൗരന്മാര്ക്കും ബാധ്യതയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇന്ത്യയ്ക്ക് ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയാണുള്ളതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു. 2017ല്‍ ഇതേ കാര്യം പറഞ്ഞുകൊണ്ട് പങ്കുവച്ച തന്റെ എക്സ് പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. ഇന്ത്യയ്ക്ക് ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയാണുള്ളതെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു – അദ്ദേഹം കുറിച്ചു.
രാഹുല്‍ ഗാന്ധിയുടെ ‘ദുര്‍ബലനായ പ്രധാനമന്ത്രി’ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാവ് പവന് ഖേരയും പിന്തുണച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വീണ്ടും ന്യായീകരിക്കപ്പെടുന്നു. ഒന്നും മാറിയിട്ടില്ല. ഇന്ത്യ ഇപ്പോഴും ദുര്‍ബലനായ പ്രധാനമന്ത്രിക്ക് കീഴില്‍ കുടുങ്ങിക്കിടക്കുകയാണ് – അദ്ദേഹം എക്സില്‍ കുറിച്ചു.
മോദി ജിയുടെ സൗഹൃദം രാജ്യത്തിന് ബാധ്യതയായി മാറുന്നുവെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു. മോദി – ഡോണള്‍ഡ് ട്രംപ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ബാധ്യതയായി മാറുന്നു. മോദി ജിയുടെ ഉറ്റസുഹൃത്ത് എച്ച് 1-ബി വീസയ്ക്ക് അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറാക്കിക്കൊണ്ടുള്ള എക്സിക്യുട്ടീവ് ഓര്‍ഡര്‍ ഒപ്പിട്ടിരിക്കുകയാണ്. എച്ച് 1 – ബി വിസകളുടെ 70 ശതമാനവും ഇന്ത്യക്കാരാണ് എന്നിരിക്കെ ഇന്ത്യന്‍ ടെക്കികളെയായിരിക്കും നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് – അദ്ദേഹം പറഞ്ഞു.ടെക് കമ്പനികളില്‍ ഏറ്റവുമധികം ഡിമാന്റുള്ള ഹൈ സ്കില്‍ഡ് പോസ്റ്റിലേക്കുള്ള നിയമനത്തിന് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച് 1-ബി വിസ. 1990 മുതലാണ് പദ്ധതി ആരംഭിച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ഈ വിസ നേടാന്‍ ഏകദേശം 88 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ നല്‍കേണ്ടതായി വരും. നിലവില്‍ 1500 ഡോളറാണ് ഈ വിസയ്ക്കായി അപേക്ഷാര്‍ഥികള്‍ ഫീസിനത്തില്‍ നല്കി വരുന്നത്. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ടെക്കി പോസ്റ്റുകളിലേക്ക് കൂടുതല്‍ അമേരിക്കക്കാരെ കൊണ്ടുവരുന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇന്ത്യന്‍ ടെക്കികള്‍ക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാണ്.