തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് കുടുംബം തള്ളി. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ ജാതിയുടെ പേരിലോ ശാരീരികമായോ പീഡനങ്ങൾ നടന്നിട്ടില്ലെന്നുമുള്ള പേരൂർക്കട പൊലീസിന്റെ റിപ്പോർട്ടാണ് കുടുംബം നിഷേധിച്ചത്. മകൻ വിഷാദരോഗിയല്ലെന്നും മരിച്ച ദിവസം രാവിലെയും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും ആനന്ദിന്റെ അമ്മ ചന്ദ്രിക പറഞ്ഞു.
ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പേരൂർക്കട എസ്എച്ച്ഒയ്ക്കും എസ്എപി കമാൻഡന്റിനും പരാതി നൽകിയിരുന്നു. ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് എഡിജിപി എസ്. ശ്രീജിത്ത് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ക്യാമ്പിൽ വീഴ്ചയുണ്ടായോ എന്നതിൽ ബറ്റാലിയൻ ഡിഐജി അരുൾ ബി. കൃഷ്ണയുടെ മേൽനോട്ടത്തിൽ വനിതാ ബറ്റാലിയൻ കമാൻഡന്റ് അന്വേഷണം നടക്കുന്നുണ്ട്.
എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയ്നിയായിരുന്ന വിതുര മീനാങ്കൽ സ്വദേശി ആനന്ദാണ് മരിച്ചത്. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിച്ചു പിന്നീട് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തിൽ തുടരുകയുമായിരുന്നു.