പമ്പ: തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിനായി മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പമ്പയിൽ എത്തിയിരുന്നു. പമ്പയിൽ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ണമായിരുന്നു. ആഗോള അയ്യപ്പ സംഗമമെന്നത് പേരിൽ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്കയാണ് സർക്കാരിനും ദേവസ്വത്തിനുമുള്ളത്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സർക്കാർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ചില താൽപര്യങ്ങൾ ഉണ്ടെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറയുന്നത്. കേരളത്തിലെ പ്രതിപക്ഷവും ബി ജെ പിയും അയ്യപ്പ സംഗമം ബഹിഷ്കരിച്ചിട്ടുണ്ട്. ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടത്.
ചോദ്യങ്ങളുമായി പ്രതിപക്ഷവും ബിജെപിയും
ശബരിമല അയ്യപ്പന്റെ നാലു കിലോ സ്വർണ്ണം അടിച്ച് മാറ്റിയതിന്റെ പാപം തീർക്കാനാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളം വലിയ സമരത്തിലേക്ക് നീങ്ങുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഗമം സംഘടിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു.
വിശദ വിവരങ്ങൾ
ശബരിമലയുടെ വികസനത്തിന് ആഗോള തലത്തിലെ നിർദ്ദേശം സ്വീകരികുന്നതിനുള്ള വലിയ സംഗമം, അതായിരുന്നു സർക്കാർ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും എത്തിക്കും എന്നും അറിയിച്ചാണ് പ്രചാരണം തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദില്ലി ലെഫ്റ്റനന്‍റ് ഗവർണർ അടക്കയുള്ളവരെയും ക്ഷണിച്ചു. എന്നാൽ തമിഴ്നാട് മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർ മാത്രമാണ് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസംഗമത്തിലേക്ക് പ്രതിനിധികളെ അയച്ചിട്ടില്ല. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. ആഗോള സംഗമം പേരിൽ മാത്രം ആയോ എന്നാ ചോദ്യമാണ് ഉയകുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും, എന്നാൽ കൂടുതലും വിദേശ പൗരത്വം നേടിയ മലയാളികളാണ്. പന്തളം കൊട്ടാരം പരിപാടിയിൽ നിന്ന് വിട്ടു നിൽക്കും. എന്നാൽ എൻ എസ് എസ് പ്രതിനിധി പങ്കെടുക്കുന്നത് സർക്കാരിന് ആശ്വാസം ആണ്. ചുരുക്കത്തിൽ നിക്ഷേപകർ മാത്രം എത്തുന്ന സംഗമം, ആഗോള അയ്യപ്പ നിക്ഷേപ സംഘവുമായി മാറുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.