സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസ്സില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. വികസന സദസ്സില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. വികസന സദസ്സ് സ്വന്തം നിലയില്‍ നടത്തുമെന്നും യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാണ് തങ്ങളെന്നും മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. വികസന സദസ്സില്‍ നിന്ന് മാറിനിന്നാല്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുമെന്ന് പറഞ്ഞ് സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായതിന് പിന്നാലെയാണ് വികസനസദസ്സില്‍ പങ്കെടുക്കില്ലെന്ന പുതിയ വിശദീകരണവുമായി ജില്ലാ കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്.
സര്‍ക്കാറിന്റെ വികസന സദസ്സില്‍ ഭാഗമാകില്ലെന്നും സ്വന്തം നിലയ്ക്ക് നടത്തുമെന്നും പി അബ്ദുല്‍ ഹമീദ് എംഎല്‍എ അറിയിച്ചു. തദ്ദേശ വകുപ്പും പിആര്‍ഡിയും ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ ഈ മാസം 22 മുതല്‍ അടുത്തമാസം 20 വരെയാണ് വികസന സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. സദസ്സ് ധൂര്‍ത്താണെന്നും സഹകരിക്കില്ലെന്നും യുഡിഎഫ് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സര്‍ക്കുലറിനെ തള്ളിയാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ആദ്യം നിലപാടെടുത്തത്. വികസന സദസ്സ് ഗംഭീരമായി നടത്തണം, പങ്കെടുത്തില്ലെങ്കില്‍ സിപിഐഎമ്മിന്റെ പരിപാടിയായി മാറുകയും സര്‍ക്കാര്‍ നേട്ടങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുകയും ചെയ്യുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ പേരിലുള്ള സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
വിവാദമായതോടെ ജില്ലാ കമ്മിറ്റി നിലപാട് മാറ്റി. സംസ്ഥാന സര്‍ക്കാറിന്റെ വികസന സദസ്സില്‍ ഭാഗമാകില്ല, സ്വന്തം നിലയില്‍ നടത്തും. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ആണ് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി എന്നും വിശദീകരണം. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. വിവാദമായതോടെയാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ മലക്കംമറിച്ചില്‍.