ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞു വീണു മരിച്ച തൊഴിലാളികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജില്ലാ ഭരണകൂടം സീൽ ചെയ്ത വസ്തുവിൽ വിലക്ക് ലംഘിച്ച് നിർമ്മാണം നടത്തിയതിന് ഉടമയായ ഷെറിൻ അനിലക്കെതിരെ നടപടികൾ ഉണ്ടാകും. മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരിക്കും നടപടി ശിപാർശ ചെയ്യുക.
മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനായി മണ്ണ് എടുക്കവേയാണ് മറുവശത്ത് തിട്ട ഇടിഞ്ഞ് വീണ് അപകടം ഉണ്ടായത്. അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി മൂന്നാർ സ്പെഷ്യൽ തഹസിൽദാർ റിസോർട്ടിന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. വില്ലേജ് ഓഫീസർ പൂട്ടി സീൽ വച്ച കെട്ടിടത്തിൽ അനുമതി ഇല്ലാതെ വീണ്ടും നിർമ്മാണം പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്.ഒരുമണിക്കൂറിലേറെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. കെട്ടിടത്തിലേയ്ക്കുള്ള ഇടുങ്ങിയ പാതയും, കനത്ത മഴയും രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്.