Headlines

‘ഏകപക്ഷീയമായ ആക്രമണം നേരിട്ടു, പ്രതികരിക്കണമെന്ന് തോന്നി’; മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എ.കെ ആന്റണി

മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങൾ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എൽഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങൾ ഇന്നലെയും ആവർത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട്‍ മുത്തങ്ങയുമാണ്.

താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യം 1995 ൽ ശിവഗിരിയിൽ നടന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു.നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണ്. അധികാര കൈമാറ്റം നടത്തിയിരിക്കണം എന്ന് കോടതി ഉത്തരവിട്ടു.
എല്ലാ നടപടിയും പൊലീസ് എടുക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവി വത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു. 21 വർഷമായിട്ട് ഇത് പാടിക്കൊണ്ട് നടക്കുന്നു. ഇ കെ നായനാർ അധികാരത്തിൽ വന്നശേഷം ഒരു കമ്മീഷനെ വച്ചു. ശിവഗിരിയിൽ നടന്ന സംഭവങ്ങൾ അന്വേഷിക്കാനായിരുന്നു കമ്മീഷൻ. സർക്കാരിനോട് തനിക്ക് ഒരു അഭ്യർത്ഥനയുണ്ട്, സർക്കാർ നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മീഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്നും എ കെ ആന്‍റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു. മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി. സിബിഐ അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ടെന്നും അത് പ്രസിദ്ധീകരിക്കണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു.