തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച ട്വന്റിഫോര്‍ വാര്‍ത്ത വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സബ്മിഷന്‍ ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് വാര്‍ത്ത നിയമസഭയില്‍ ചര്‍ച്ചയാകുന്നത്. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു. ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കാട്ടാക്കട സ്വദേശിനിയായ യുവതി കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസം അവര്‍ ഐസിയുവില്‍ കിടന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് രണ്ട് വര്‍ഷക്കാലം ചികിത്സ നടത്തി. പിന്നീടൊരു ക്ലിനിക്കിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനുള്ളില്‍ അസ്വഭാവികമായൊരു വസ്തു കണ്ടെത്തി – പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. വിഷയത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റും ഡോക്ടറും ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. കഠിനമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രേഖാമൂലം പരാതി നല്‍കിയിട്ടും അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. യുവതിക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനും തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ അനുകൂല നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു – പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആര്‍സിസിയിലെ ചികിത്സയുടെ ഭാഗമായി 2025 മാര്‍ച്ച് മാസം നടത്തിയ എക്‌റേ പരിശോധനയിലാണ് ഗൈഡ് വയര്‍ ശ്രദ്ധിയില്‍ പെടുന്നതെന്ന് മറുപടി പറയവേ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് ആരോഗ്യ വകുപ്പിലെ അഡിഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ചികിത്സാ പിഴവുകള്‍ ഉണ്ടാകുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ എത്രയും വേഗം അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുവതിയുടെ ശരീരത്തില്‍ നിന്ന് ഗൗഡ് വയര്‍ നീക്കുന്നത് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതാണ്. യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇത് ചെയ്ത ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് മനസിലാക്കുന്നത്. സമിതി റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കും – മന്ത്രി വിശദമാക്കി.