Headlines

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് ആവശ്യം; സഭാ കവാടത്തില്‍ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം

കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. എംഎല്‍എമാരായ സനീഷ് കുമാര്‍ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ് സഭയ്ക്കുളളില്‍ സത്യാഗ്രഹം തുടങ്ങിയത്. പൊലീസ് അതിക്രമത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റുകയാണ് സത്യാഗ്രഹത്തിന്റെ ലക്ഷ്യം.

ലോക്കപ്പ് മര്‍ദ്ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന വിഷയത്തില്‍ കര്‍ശനമായ നടപടി ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയചര്‍ച്ചക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചത്. പൊലീസ് അതിക്രമത്തിന് എതിരെ ജനവികാരം ആളിക്കത്തിക്കുക ലക്ഷ്യമിട്ടാണ് പ്രതിപക്ഷം സഭക്കകത്ത് അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയത്. വെളളിയാഴ്ച സഭപിരിയുന്നതിനകം പൊലീസുകാരുടെ പിരിച്ചുവിടലില്‍ തീരുമാനം ഉണ്ടാകുന്നില്ല എങ്കില്‍ സഭക്ക് പുറത്തേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചിരുന്നത്.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാകുന്ന ജനകീയ വിഷയങ്ങളുണ്ടായിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുക ആയിരുന്നു പ്രതിപക്ഷം.അതില്‍ നിന്ന് പുറത്ത് കടക്കുക എന്ന ഉദ്ദേശവും സഭാകവാടത്തിലെ സമരത്തിന് പിന്നിലുണ്ട്.