തിരുവനന്തപുരം കിളിമാനൂരിൽ എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി വിനു കുമാറിനാണ് അന്വേഷണ ചുമതല. വകുപ്പ് തല നടപടികളുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിന് നാർക്കോട്ടിക് സെൽ ഡിവൈഎസ്‍പി പ്രദീപിനെ ചുമതലപ്പെടുത്തി.
അപകടത്തിന് ശേഷം കാർ അറ്റകുറ്റപണി നടത്തിയതായി കണ്ടെത്തിയിരുന്നു. പാറശാലയിലെ വർക് ഷോപ്പിലാണ് പണി നടത്തിയത്. തെളിവ് നശിപ്പിക്കലിൻ്റെ ഭാഗമായി അറ്റകുറ്റപണി നടത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒ അനില്‍ കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. വയോധികനെ വാഹനം ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. അനില്‍കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. അനില്‍കുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് റൂറല്‍ എസ്പി ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇയാള്‍ക്കെതിരെ റൂറല്‍ എസ്പി നടപടിക്ക് ശിപാര്‍ശ ചെയ്തത്.
കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരിൽ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കിളിമാനൂര്‍ പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. അപകടത്തിൽ കിളിമാനൂര്‍ സ്വദേശി രാജൻ (59) ആണ് മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു.