Headlines

മുത്തശിയുടെ ഇന്‍ഷുറന്‍സ് തുകയെ ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് ചെറുമകന്‍ മുത്തച്ഛനെ കുത്തി കൊന്നു

തിരുവനന്തപുരം പാലോട്, ചെറുമകന്‍ മുത്തച്ഛനെ കുത്തി കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഇന്ന് വൈകുന്നേരം അഞ്ചരയോടുകൂടിയാണ് സംഭവം. സന്ദീപ് ലഹരിക്ക് അടിമ എന്നാണ് പൊലീസ് പറയുന്നത്. ഒപ്പം റൗഡി ലിസ്റ്റില്‍ പെട്ടയാള്‍ കൂടിയാണ്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇടിഞ്ഞാറിലെ തന്നെ ഒരു കടമുറിയിലാണ് രാജേന്ദ്രന്‍ താമസിക്കുന്നത്. ഇടിഞ്ഞാര്‍ ജങ്ഷനിലെ ഒരു ക്ഷേത്രത്തില്‍ പൂജാരി കൂടിയാണ് ഇയാള്‍. അവിടെയെത്തി ഇയാളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സന്ദീപ് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.

രാജേന്ദ്രന്‍ സന്ദീപിന്റെ മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവാണ്. ഇവര്‍ നേരത്തെ അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.