തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ശബ്ദസംഭാഷണം പുറത്തുവിട്ട് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ. എം. വിജയന്റെ കുടുംബം. എം.എൽ.എ ടി. സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ലെന്ന് എൻ. എം. വിജയന്റെ മരണത്തിൽ അന്വേഷണം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയതെന്നും, ചതിക്കാൻ വേണ്ടിയല്ലെന്നും തിരുവഞ്ചൂർ പറയുന്നു.
”സിദ്ദിഖ് പറഞ്ഞ ഒരു കാര്യവും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിനാണ് ഈ കാര്യം മാത്രം നടത്താൻ ശ്രമിച്ചത്? തരികിട പണികളോട് ഒന്നും താൻ യോജിക്കില്ല. പരാതികൾ കൊടുത്താൽ അത് കേൾക്കാൻ തയ്യാറാകണം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണമായിരുന്നു. വാക്ക് പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. ഇവർ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല,” എന്നും ശബ്ദസംഭാഷണത്തിൽ പറയുന്നു. ”ഇവരെല്ലാം കൂടി കുഴിയിൽ കൊണ്ട് ഇടും. സെറ്റിൽമെന്റ് പാലിക്കാൻ വേണ്ടിയാണു ഉണ്ടാക്കിയിരിക്കുന്നത്, ചതിക്കാൻ വേണ്ടിയല്ല”- തിരുവഞ്ചൂർ പറയുന്നു.
കരാർ രേഖ തരില്ലെന്ന് പറഞ്ഞതിനുശേഷം കുടുംബം തിരുവഞ്ചൂരിനെ കോട്ടയത്തു പോയി കണ്ടിരുന്നു. അതിന്റെ ഓഡിയോയാണ് എൻ. എം. വിജയന്റെ കുടുംബം പുറത്തുവിട്ടിരിക്കുന്നത്.