സംസ്ഥാന കൗൺസിൽ നിന്നും തന്നെ ഒഴിവാക്കിയതാണെന്ന് മുൻ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമൻ. ഓരോ സമ്മേളന കാലയളവിലും 20 ശതമാനം പേരെ ഒഴിവാക്കും. പുതിയ ആളുകളെ ഉൾപ്പെടുത്തും. പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല. ഒഴിവാക്കാനുള്ള കാരണം പ്രായപരിധിയും അനാരോഗ്യവുമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കെ. ഇ. ഇസ്മായിലിനെ പുകഴ്ത്തി കെ. കെ. ശിവരാമൻ. കെ. ഇ. ഇസ്മായിലിനെയും തന്നെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം 16-ാം വയസിൽ പാർട്ടി പ്രവർത്തനം ആരംഭിച്ചയാളാണെന്നും കെ. കെ. ശിവരാമൻ പറഞ്ഞു. പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയയാളാണ്. അച്ചടക്ക നടപടി നേരിട്ടതുകൊണ്ട് ഒരാൾ പാർട്ടി ശത്രുവാകില്ല . നടപടി കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും കെ. കെ. ശിവരാമൻ വ്യക്തമാക്കി.
സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇസ്മയിൽ പക്ഷത്തെ പ്രമുഖനും ഇടുക്കി ജില്ലാ മുൻ സെക്രട്ടറിയുമായ കെ.കെ. ശിവരാമനടക്കം പ്രമുഖരെ വെട്ടിയിരുന്നു. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, തിരുവനന്തപുരത്തു നിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന്‍ വെട്ടുകാട് എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ കമ്മിറ്റിയില്‍ വന്‍ വെട്ടിനിരത്തല്‍ ഉണ്ടായിട്ടുള്ളത്.