Headlines

‘100 രൂപയിൽ കൂടുതൽ ഒരു അക്കൗണ്ടിലുമില്ല, ഏത് ബാങ്കിലാണ് കോടികൾ ഉള്ളത്, ശരത്തിന്റെ ആരോപണം ശരിയല്ല’; എം കെ കണ്ണൻ

തൃശൂർ: ജില്ലയിലെ സിപിഐഎം നേതാക്കൾക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ ശബ്ദരേഖ പുറത്ത്. സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിൽ പറയുന്നു.

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ എം. കെ. കണ്ണനും പ്രതികരിച്ചു. 100 രൂപയിൽ കൂടുതൽ ഒരു അക്കൗണ്ടിലുമില്ല, പിന്നെ ഏത് ബാങ്കിലാണ് തൻ്റെ കോടികൾ ഉള്ളത് എന്നാണ് കണ്ണൻ ചോദിച്ചത്. തൻ്റെ സാമ്പത്തിക സ്ഥിതി ED അന്വേഷിച്ചിരുന്നു.
മണ്ണൂത്തിയിലെ പാർട്ടിയിലെ ചുമതല തനിക്കായിരുന്നു. നടത്തറയിലെ സഹകരണ സംഘങ്ങൾ സംബന്ധിച്ച് അത്തരമൊരു ആക്ഷേപവും തനിക്കില്ലെന്നും കണ്ണൻ വ്യക്തമാക്കി. പുറത്തുവന്ന സംഭാഷണം വർഷങ്ങൾക്കു മുൻപുള്ളതാണെന്നും പറയുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ലെന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ പറഞ്ഞത്. വിഷയത്തിൽ ശരത്തിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.