ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഈ മാസം 22 ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച വിശ്വാസ സംഗമത്തിന് രൂപരേഖയായി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം.
രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. ഈ മാസം 22 ന് രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കൺവെൻഷൻ സെൻററിലാണ് സെമിനാർ നടക്കുക. പരിപാടിയുടെ നോട്ടീസ് ഇറങ്ങി.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവർ, സംഘടനകൾ, ഹൈന്ദവ സംഘടനകൾ, സാമുദായിക സംഘടനകൾ, സന്യാസികൾ, ക്ഷേത്ര ഭാരവാഹികൾ , വികസനം സുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ എന്നിവരിൽ നിന്ന് ഇന്ത്യക്കകത്തും വിദേശത്തുനിന്നുള്ള നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും
ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ -സ്വാമി അയ്യപ്പൻ നഗറിലാണ് ഭക്തജന സംഗമം നടക്കുക. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും,ഭാരവാഹികളും പ്രവർത്തകരുമടക്കം ഏതാണ്ട് 15000 ത്തോളം പേർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കും
ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല, കാനനക്ഷേത്രമാണ്, അതിന്റെ പരിപാവനത കാത്തു സൂക്ഷിക്കണം, ശബരിമലയിൽ വേണ്ടത് വിശ്വാസത്തിൽ അധിഷ്ഠിതമായ വികസനം എന്നും ശബരിമല കർമസമിതി വ്യക്തമാക്കിയിരിക്കുന്നു.