ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ വോട്ട് ലക്ഷ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിലപാട് വിശദീകരിക്കാന്‍ സംസ്ഥാനതലത്തില്‍ ക്യാമ്പയ്ന്‍ സംഘടിപ്പിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ശബരിമലയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്യമാണ്. പങ്കെടുക്കേണ്ടെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ നിലപാട് ജനങ്ങളോട് വിശദീകരിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രചാരണം നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും അതിന്റെ ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പൊതുയോഗങ്ങള്‍ നടത്തി നിലപാട് വിശദീകരിക്കാനുള്ള തീരുമാനവുമെടുത്തിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
ഭരിച്ച ഒന്‍പത് വര്‍ഷം ശബരിമലയില്‍ വികസനം വേണമെന്ന് തോന്നാത്തവര്‍ക്ക് ഇപ്പോള്‍ തോന്നിയ ബോധോദയത്തിന് പിന്നില്‍ വോട്ട് ലക്ഷ്യം മാത്രമെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയെ തകര്‍ക്കുന്ന നവോത്ഥാനത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിച്ചത് പിണറായി സര്‍ക്കെരെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ന്യൂനപക്ഷങ്ങളെയും-ഹിന്ദു ഭൂരിപക്ഷത്തെയും ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ശബരിമല യുവതി പ്രവേശനത്തില്‍ കൈപൊള്ളിയ സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ഉള്ള നീക്കം ആണ് നടത്തുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സംഗമങ്ങളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.