Headlines

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതാവ് നൂബിന്‍,അടൂര്‍ സ്വദേശികളായ അശ്വന്ത്, ജിഷ്ണു ,ചാര്‍ലി എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വിതരണം ചെയ്തതില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. കാര്‍ഡ് കളക്ഷന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഇവര്‍ വാട്ട്‌സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

രാഹുല്‍ മാങ്കുട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. ശനിയാഴ്ച ചോദ്യംചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാഹുല്‍ സാവകാശം തേടിയിരുന്നു.

അതേസമയം, ലൈംഗിക ആരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി നല്‍കാന്‍ തയ്യാറല്ലന്ന് ഇരകള്‍ വ്യക്തമാക്കി. നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തല്‍പര്യം ഇല്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികളിലായിരുന്നു അന്വേഷണം. ഇരകളില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

പരാതിക്കാരില്‍ നിന്ന് മൊഴി ഉള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചെങ്കിലും ഇവരില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല. ഗര്‍ഭഛിദ്രത്തിന് തെളിവ് അന്വേഷിച്ച് അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വിവരങ്ങള്‍ തേടി ഇരകളെ സമീപിച്ചത്. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് ഇരകള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കുകയായിരുന്നു.