കൊല്ലങ്കോട്: ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം. പാലക്കാട് കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റിലാണ് വലിയ മോഷണം നടന്നത്. ജീവനക്കാർ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവോണണത്തലേന്നാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിൻ്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ വിശദമാക്കുന്നത്. സ്റ്റോക്കും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ് പൊലീസ്. ഫോറൻസിക് സംഘവും ഇവിടേക്ക് എത്തും. മോഷ്ടാവ് മദ്യം കടത്തിയത് പത്ത് ചാക്കുകളിലായാണ്. വ്യത്യസ്ത ബ്രാൻഡുകളിലെ വിവിധ മദ്യങ്ങൾ കളവ് പോയതായാണ് വിവരം. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പ്രതികരിക്കുന്നത്. ഔട്ട്ലെറ്റിൻ്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. ലക്ഷങ്ങളുടെ നഷ്ടമെന്നാണ് പ്രാഥമിക വിവരം.
സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ വൻ വർദ്ധനയെന്ന റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവിൽപ്പനയിലാണ് കഴിഞ്ഞ വർഷത്തെക്കാള്‍ വർദ്ധനയുണ്ടായിരുന്നു. 826 കോടിയുടെ വിൽപ്പനയാണ് ഓണനാളുകളിൽ നടന്നത്. കഴിഞ്ഞ വർഷം ഇതേസമയം 776 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിനത്തിൽ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 126 കോടിയുടെ മദ്യമാണ് വിറ്റത്. ആറു ഷോപ്പുകളിൽ ഒരു കോടിക്കു മുകളിലാണ് വിൽപ്പന.
കരുനാഗപ്പള്ളി ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. കൊല്ലം ആശ്രാമവും എടപ്പാള്‍ ഔട്ട് ലെറ്റുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഉപഭോക്താക്കള്‍ക്ക് മദ്യം വാങ്ങാൻ സൗകര്യമുള്ള ഔട്ട് ലെറ്റുകള്‍ ഒരുക്കിയതും കൂടുതൽ ബ്രാൻഡുകള്‍ വിപണയിലിറക്കിയതുമാണ് വിൽപ്പന കൂട്ടിയതെന്ന് ബെവ്ക്കോ എംഡി ഹർഷിത അത്തല്ലൂരി പ്രതികരിച്ചത്.