കുന്നംകുളം ലോക്കപ്പ് മര്‍ദനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടത് ശരിയായില്ലെന്നാണ് വിമര്‍ശനം.
തന്നെയാണ് ഓണസദ്യയ്ക്ക് ക്ഷണിച്ചിരുന്നതെങ്കില്‍ കുന്നംകുളം ലോക്കപ്പ് മര്‍ദനം സജീവ ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തില്‍ താന്‍ ആ ക്ഷണം സ്വീകരിക്കില്ലെന്നാണ് കെ സുധാകരന്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ടത് മോശമായിപ്പോയെന്ന് കെ സുധാകരന്‍ പറഞ്ഞു. വിഷയം പൊതുജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ ഇത്രയേറെ വികാരം ഉയര്‍ന്ന് നില്‍ക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ണരുതായിരുന്നുവെന്നും കെ സുധാകരന്‍ ആയിരുന്നെങ്കില്‍ വിട്ടുനിന്നേനെയെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് ഓണസദ്യയുണ്ണുന്നത് വളരെ പോസിറ്റീവായാണ് സോഷ്യല്‍ മീഡിയയില്‍ തന്നെ മറ്റൊരു വിഭാഗം കണ്ടത്. പുതിയ കാലത്തിന്റെ നല്ല രാഷ്ട്രീയ സംസ്‌കാരമാണിതെന്ന് ഒരു കൂട്ടം നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടിരുന്നു.