ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നതില്‍ ലോറിയുടമയും വ്‌ളോഗറുമായ മനാഫിന്റെ മൊഴിയെടുക്കും. തിങ്കളാഴ്ചയാണ് മനാഫ് ചോദ്യം ചെയ്യലിന് ഹാജരാകുക. ഇന്നലെ മനാഫിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും മനാഫ് ഹാജരായിരുന്നില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശം.
ധര്‍മ്മസ്ഥല ക്ഷേത്ര പരിസരത്ത് പെണ്‍കുട്ടികളുടെ മൃതദേഹം മറവുചെയ്‌തെന്ന മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്നത് അന്വേഷണസംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ തന്നെ ചിലര്‍ നിര്‍ബന്ധിച്ചുവെന്ന ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ പുതിയ മൊഴിയുടെ വെളിച്ചത്തിലാണ് മനാഫ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം നീക്കം നടത്തുന്നത്. ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ബലാത്സംഗ ആരോപണത്തില്‍ തന്റെ പക്കല്‍ തെളിവുണ്ടെന്ന് യൂട്യൂബ് ചാനലിലൂടെ ഉള്‍പ്പെടെ മനാഫ് അവകാശപ്പെട്ടിരുന്നു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് മനാഫ് നിരവധി വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.
ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മഹേഷ് തിമരോടിക്കെതിരെ ചിന്നയ്യ നല്‍കിയ മൊഴിയാണ് കേസിന്റെ ഗതിതന്നെ മാറ്റിയത്. കോടതിയില്‍ നല്‍കിയ തലയോട്ടി തിമരോടി നല്‍കിയതെന്ന് ശുചീകരണ തൊഴിലാളി മൊഴി നല്‍കിയതായുള്ള സൂചനയാണ് പുറത്തുവന്നത്. തിമരോടിയുടെ റബ്ബര്‍ തോട്ടത്തിലെ മണ്ണ് എസ്ഐടി പരിശോധിച്ചിരുന്നു. തനിക്ക് മകളില്ലെന്ന് മൊഴിമാറ്റിപ്പറഞ്ഞ സുജാത ഭട്ടിനേയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.