‘ബോംബ് പൊട്ടാനുള്ളത് കോൺഗ്രസിൽ; മുകേഷിന്റെ കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും താരതമ്യം ചെയ്യാനാവില്ല’; എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ബോംബ് പൊട്ടാനുള്ളത് കോൺഗ്രസിൽ തന്നെയെന്നും കരുതിയിരിക്കേണ്ടത് കോൺഗ്രസാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എം മുകേഷിന്റെ കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും താരതമ്യം ചെയ്യാനാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കണ്ണപുരം സ്ഫോടന സംഭവത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുകളാണ് പൊട്ടിത്തെറിച്ചതെന്നും അനൂപ് മാലികിന്റെ പശ്ചാത്തലം അന്വേഷിച്ചാൽ എല്ലാം വ്യക്തമാകുമെന്നും അദേഹം പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെയാണ് കണ്ണപുരത്ത് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു.

കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരും, സിപിഐഎമ്മും കരുതിയിരിക്കുകയെന്നായിരുന്നു വിഡി സതീശന്റെ മുന്നറിയിപ്പ്. അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് സതീശൻ വിമർശിച്ചിരുന്നു. ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ബി ജെ പിക്ക് എതിരായി വാർത്തകൾ പുറത്തുവരുന്നു, സി പി എമ്മും കരുതിയിരിക്കണമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകിയത്.