ബിഹാറിലെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ അണിചേർന്ന്
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ തട്ടിക്കൂട്ട് കമ്മീഷനായി മാറിയെന്ന് വിമർശനം. വോട്ട് കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനവും ഇന്ന് അവസാനിക്കും.
പര്യടനത്തിന്റെ അവസാന ദിനമായ ഇന്ന് ബിഹാറിലെ സരണിൽ നിന്നാണ് യാത്ര ആരംഭിച്ചത്. രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനൊപ്പം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ
അഖിലേഷ് യാദവും യാത്രയിൽ അണിചേർന്നു. ബിജെപിയുടെ ലക്ഷ്യം വോട്ട് മോഷണം അല്ല, വോട്ട് കൊള്ളയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പര്യടനത്തിന്റെ അവസാന ഘട്ടത്തിലും യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ബിഹാറിൽ നിന്ന് ലഭിച്ചത്.
ഓഗസ്റ്റ് 17-ന് ബിഹാറിലെ സസറാമിൽ നിന്ന് ആരംഭിച്ച യാത്രയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ അടക്കം അണിനിരന്നിരുന്നു. നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം സെപ്റ്റംബർ ഒന്നിന് പദയാത്രയോടെ വോട്ടർ അധികാർ യാത്ര അവസാനിക്കും.