Headlines

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; കാറില്‍ പ്രശസ്ത നടിയും ഉണ്ടായിരുന്നെന്ന് സൂചന

കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ പ്രമുഖ സിനിമാ നടിയും ഉള്‍പ്പെട്ടതായി സൂചന. സംഭവത്തില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. സദര്‍ലാന്‍ഡ് ജീവനക്കാരനായ യുവാവിനെ എറണാകുളം നോര്‍ത്ത് പാലത്തില്‍ വച്ച് വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് യുവാവിനെ അക്രമി സംഘം പറവൂര്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും അവശനിലയിലായ യുവാവിനെ പിന്നീട് തോട്ടക്കാട്ടുകരയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതി.

സംഭവം നടക്കുമ്പോള്‍ കാറില്‍ പ്രമുഖ നടിയും ഉണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ നടി മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടന്മാര്‍ക്കൊപ്പം നായികയായി ഈ നടി അഭിനയിച്ചിട്ടുണ്ട്. വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. കേസിന്റെ അന്വേഷണം നടിയിലേക്ക് ഉള്‍പ്പെടെ നീങ്ങാനും സാധ്യതയുണ്ട്.