Headlines

അടഞ്ഞ അധ്യായം? ദാറ്റ്‌സ് ആള്‍?; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം.ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതൃയോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുലിന്റെ സസ്‌പെന്‍ഷനോടെ വിവാദം അവസാനിച്ചെന്നും അത് അടഞ്ഞ അധ്യായമാണെന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു.

രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ നടപടിയെടുത്തെന്നും സിപിഐഎമ്മിനോ ബിജെപിക്കോ ഇത് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വത്തെ അറിയിച്ചു. വിവാദം അവസാനിപ്പിക്കാന്‍ നേതൃത്വം ശ്രമം നടത്തുമ്പോള്‍, കോണ്‍ഗ്രസ് അനുകൂല സൈബര്‍ ഹാന്‍ഡിലുകള്‍ തമ്മിലെ തര്‍ക്കം അതിരൂക്ഷമായി തുടരുകയാണ്. വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ തനിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം താരാ ടോജോ അലക്‌സ് രംഗത്തെത്തി. പുറത്താക്കപ്പെട്ടവന്റെ ഫാന്‍സ് അസോസിയേഷനും വെട്ടുകിളികളും നടത്തുന്ന അക്രമണത്തില്‍ ഭയക്കില്ലെന്ന് പ്രതികരണം.

രാഹുലിനെതിരെ പാലക്കാട് തൊട്ടില്‍ കെട്ടി മഹിളാ മോര്‍ച്ച പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.