Headlines

ഓണം വരവായി; തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന്

കാർഷികസമൃദ്ധിയുടെ ഓർമകൾ ഉണർത്തി ഒരു ഓണക്കാലം കൂടി. ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ അത്തം നാൾമുതൽ പൂക്കളം ഇടുന്നു. അത്തം നാളിലാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത്.

ഇന്നാണ് പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ നിന്ന് തുടങ്ങുന്ന യാത്ര നഗരം ചുറ്റി തിരികെ സ്കൂൾ ഗ്രൌണ്ടിലെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഘോഷയാത്രയിൽ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ പങ്കെടുക്കും.

അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ എട്ട് മണിമുതൽ വൈകിട്ട് മൂന്ന് മണിവരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത ക്രമീകരണങ്ങൾ ഉണ്ടാകും. കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി- ചോറ്റാനിക്കര- തിരുവാങ്കുളം- സീപോർട്ട് എയർപോർട്ട് റോഡ് വഴി- എറണാകുളം ഭാഗത്തേക്ക് പോകണം. വൈക്കം ഭാഗത്തു നിന്നും വരുന്ന ഹെവി ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്. കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിൻ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.

അത്തം പത്ത് ഓണം.മലയാളികളുടെ ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങുന്നു. മുറ്റത്ത് പൂക്കളം ഇടുന്നതിന് തുടക്കം കുറിക്കുന്നത് അന്നാണ്. നടുമുറ്റത്ത് ചാണകം മെഴുകി സൂര്യനെ ധ്യാനിച്ച് തുമ്പയും തുളസിയും ഉപയോഗിച്ചാണ് ആദ്യദിനം പൂക്കളം ഒരുക്കുക. രണ്ടാം ദിനം തുമ്പയും മന്ദാരവും തുടങ്ങി വെളുത്ത പൂക്കൾ. മൂന്നാം നാൾ മുതൽ കാക്കപ്പൂവും മുക്കൂറ്റിയും ചെത്തിയും ജെണ്ടുമല്ലിയും എന്നു വേണ്ട അരിപ്പൂവും ശംഖുപുഷ്പവും വേലിപ്പടർപ്പിലെ സുന്ദരിപ്പൂവുമെല്ലാം മുറ്റത്ത് നിറച്ചാർത്ത് തീർക്കും. മധ്യകേരളത്തിൽ പൂക്കളത്തിന് ചുറ്റും തൃക്കാക്കരയപ്പനായ വാമനമൂർത്തിയുടെ രൂപം അലങ്കരിക്കും.

തിരുവോണനാളിൽ പൂക്കളത്തില്‍ ഓണത്തപ്പനെ മൂടാനായി തുമ്പപ്പൂവും തുമ്പയില അരിഞ്ഞതും ചേര്‍ന്നുള്ള തുമ്പക്കുടം ഉപയോഗിക്കാറുണ്ട്‌. തുമ്പപ്പൂ കൊണ്ടുണ്ടാക്കിയ അട നേദ്യവും പഴം പുഴുങ്ങിയതും തിരുവോണനാളിലെ പ്രത്യേകതയാണ്. കേരളത്തിന്‍റെ ഓരോ ഭാഗത്തും വ്യത്യസ്തമായാണ് അത്തം നാൾ മുതലുള്ള പൂക്കളമൊരുക്കലും ആഘോഷവും.