ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കെപിസിസി പ്രസിഡന്റ് എടുത്ത പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമെന്ന് ഷാഫി പറമ്പിൽ എം പി. ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തത്.
പാർട്ടി പ്രസിഡന്റ് പത്ര സമ്മേളനം നടത്തി തീരുമാനം ജനങ്ങളെ അറിയിച്ചുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറത്ത് ഒന്നും പറയാനില്ല. കേരളത്തിലെ ഓരോ കോൺഗ്രസ് നേതാവിനും അത് ബാധകമാണ്. പ്രസിഡന്റ് പറഞ്ഞതിന് മേലെ ഒന്നും പറയാനില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. കൂടിയാലോചനകൾക്ക് ശേഷമാണ് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കോൺഗ്രസ് പാർട്ടി ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണ്. കോൺഗ്രസ് നിയമസഭ കക്ഷി സ്ഥാനവും രാഹുലിന് ഉണ്ടാകില്ല എന്നും സണ്ണി ജോസഫ് അറിയിച്ചു.