അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. നിലവിൽ ചികിത്സയിലുള്ളത് എട്ടുപേർ. വയനാട് സ്വദേശിക്ക് രോഗബാധ ഉണ്ടായത് ചെന്നൈയിൽ നിന്നാണെന്ന് സംശയം. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ച വയനാട് തരുവണ സ്വദേശിക്ക് ചെന്നൈയിൽ നിന്നാണ് രോഗബാധ ഉണ്ടായത് എന്നാണ് സംശയം. യുവാവ് ഐസിയുവിലാണ്. രോഗികളുടെ എണ്ണം വർധിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ക്ലോറിനേഷൻ, പനി സർവേ എന്നിവയാണ് പുരോഗമിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ളത്.ഇതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ആണ് ചികിത്സയിൽ ഉള്ളത്.
രോഗത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പ്രാദേശികമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. സാമ്പിളുകളുടെ പരിശോധനാ ഫലവും താമരശ്ശേരിയിൽ രോഗം സ്ഥിരീകരിച്ച സ്ഥലത്തു നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം ശേഖരിച്ച സാമ്പിൾ ഫലവും ലഭ്യമായിട്ടില്ല.