Headlines

റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ മദ്യലഹരിയില്‍ യുവാവ് ചവിട്ടി വീഴ്ത്തി; ഞെട്ടിക്കുന്ന വിഡിയോ

കോഴിക്കോട് തിരുവമ്പാടിയില്‍ നടുറോട്ടില്‍ മധ്യവയസ്‌ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് മദ്യലഹരിയില്‍ യുവാവ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. തിരുവമ്പാടി ബീവറേജ് പരിസരത്ത് കൂടി കടന്ന് പോകുകയായിരുന്ന സ്ത്രീകളും പ്രതിയും തമ്മില്‍ പിരിവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കിച്ച് നടന്ന് നീങ്ങുകയായിരുന്ന മധ്യവയസ്‌ക്കയെ പ്രതി ഓടി വന്ന് ചവിട്ടുകയായിരുന്നു. മുതുകിന് ചവിട്ടേറ്റ ഇവര്‍ റോഡിന് സമീപം വീണു.

മര്‍ദനത്തില്‍ മധ്യവയസ്‌ക പരാതി നല്‍കിയിട്ടില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് സ്വമേധയ കേസെടുത്ത് പ്രതിയം ജാമ്യത്തില്‍ വിട്ടു.