‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല, എത്രയും വേഗം രാജിവെപ്പിക്കണം’; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും എത്രയും വേഗം രാജിവെപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്ക. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

രാഹുൽ രാജിവെച്ചാൽ എതിരാളികൾക്കു മേൽ മുൻതൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. വിഡി സതീശനെ പിന്തുണയ്ക്കുന്നവർക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷം പറയുന്നുന്നത്. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ വസതിയിൽ തുടരുകയാണ്.

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം.

കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും.

Rahul Mamkootathil | ramesh chennithala