ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ലൈംഗികാരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതിരോധം തകരുന്നു. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതോടെയാണ് പ്രതിരോധം പൊളിയുന്നത്. കേസോ പരാതിയോ ഇല്ലെന്ന പ്രതിരോധമാണ് പൊളിയുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോൺഗ്രസ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ആരോപണങ്ങൾ ഉയർന്നുവന്ന 24 മണിക്കൂറിനുള്ളിൽ രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്.
ആരോപണങ്ങൾ കോൺഗ്രസ് ഗൗരവമായി പരിശോധിച്ച് വരികയാണ്. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യ നടപടി മാത്രമാണ്. ആരോപണം ഉന്നയിച്ച ഒരു സ്ത്രീക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തരുതെന്ന് യുഡിഎഫ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.