Headlines

പരസ്പരം പഴി ചാരി റഷ്യയും യുക്രെയ്നും; യുദ്ധം അവസാനിപ്പിക്കാൻ വൈകിയാൽ കൂടുതൽ ഉപരോധമെന്ന് ട്രംപ്

സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് പരസ്പരം പഴി ചാരി റഷ്യയും യുക്രെയ്നും. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മുന്നറിയിപ്പ് നൽകി.

പുടിനുമായുള്ള ഉച്ചകോടി തടയുവാൻ റഷ്യ ശ്രമിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ്‌ വ്ലൊദിമർ സെലെൻസ്കി ആരോപിച്ചു. എല്ലാ കാര്യങ്ങൾക്കും ‘നോ’ പറയുകയാണ് സെലെൻസ്കിയെന്നാണ് റഷ്യയുടെ ആരോപണം.

യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് നേരിട്ട് ഇറങ്ങിയ ശേഷം റഷ്യ ആക്രമണം കടുപ്പിച്ചെന്നാണ് റിപ്പോർട്ട്. ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമിച്ചതായി വ്യാഴാഴ്ച യുക്രെയ്ൻ വ്യോമസേന പറഞ്ഞു. മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് റഷ്യ വ്യോമാക്രമണം കടുപ്പിച്ചത്. ഇക്കുറി യുക്രെയ്നിന്റെ പടിഞ്ഞാറൻ ഭാഗങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്. യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്നിൽ ഇറക്കിയ ആയുധങ്ങൾ സംഭരിച്ച ഇടങ്ങളാണ് പ്രധാനമായും റഷ്യ ലക്ഷ്യം വച്ചത്.