Headlines

‘പെൺകുട്ടി അർധ വസ്ത്രം ധരിച്ചു മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേ’; പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ചു വികെ ശ്രീകണ്ഠൻ എംപി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ചു വികെ ശ്രീകണ്ഠൻ എംപി. യുവതിയുടെ വെളിപ്പെടുത്തലിൽ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് വികെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടി അർധ വസ്ത്രം ധരിച്ചു മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേയെന്നും വികെ ശ്രീകണ്ഠൻ എംപി ചോദിച്ചു. രാഹുലിനെ പിന്തുണച്ചും ആരോപണം ഉന്നയിച്ച പെൺകുട്ടികളെ അപമാനിച്ചുമാണ് വികെ ശ്രീകണ്ഠൻ എംപിയുടെ പരാമർശം.

ആരോപണമുയർത്തിയ പെൺകുട്ടികൾ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ഒരു പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് രാജിവെക്കാനാവുമോ. രാഹുലിൻ്റെ ശബ്ദസന്ദേശമാണെന്ന് എങ്ങനെ അറിയും. മാധ്യമങ്ങൾ ഫോറൻസിക് വിദ​ഗ്ധരാണോ. എഐ വീഡിയോ ഇറങ്ങുന്ന കാലമാണ്. പുറത്തുവരുന്ന കാര്യങ്ങൾ ഓരോരുത്തരുടേയും വെളിപ്പെടുത്തൽ മാത്രമാണ്. അവരുടെ ​ഗൂഢാലോചന, രാഷ്ട്രീയം എല്ലാം പുറത്തുവരാൻ ഇരിക്കുന്നതേയുള്ളൂ. മൂന്നരവർഷം മുമ്പ് നടന്നുവെന്ന കാര്യത്തിന് ഇപ്പോഴെന്ത് കൊണ്ട് പരാതി വന്നുവെന്ന് അന്വേഷിക്കണം. ഇവരുടെയൊക്കെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം ഉന്നയിച്ചയാളുകൾ അർധവസ്ത്രം ധരിച്ചുനിൽക്കുന്നത് കാണുന്നില്ലേ. എന്താണ് ഇതിൻ്റെയൊക്കെ പിന്നിൽ‌. മന്ത്രിമാരെയൊക്കെ കെട്ടിപ്പിടിച്ചുനിൽക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നില്ലേ. ഇതിൻ്റെയൊക്കെ പിന്നിൽ ആരുണ്ട്, എന്തുണ്ട് എന്നെല്ലാം പുറത്തുവരണമെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

രാഹുലിന്റെ രാജി പാർട്ടി തീരുമാനമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമാണ്. രാജി പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ്. രാഹുൽ പറഞ്ഞത് തെറ്റാണ്. രാജി വെച്ചത് പാർട്ടി ആവിശ്യപ്രകാരമാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. ആരോപണം വന്നയുടൻ പാർട്ടി നടപടി എടുത്തുവെന്നും ഇത്തരം ആരോപണങ്ങൾ ഉയർന്ന ആളുകളെ വ്യക്തിപരമായി പിന്തുണയ്ക്കാനാകില്ലെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേയും ഷാഫി പറമ്പിൽ എംപിക്കുമെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം തുടങ്ങി. ഇരുവരും പൂര പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണെന്നും ഉപതെരഞ്ഞെടുപ്പ് സമയത്ത് എത്തിയത് വലിയ ഫണ്ടാണെന്നും പാലക്കാട് കോൺ​ഗ്രസിൽ വിമർശനമുയർന്നു. ഈ തുക എന്തു ചെയ്തുവെന്ന് ഇവർ വ്യക്തമാക്കണം. എംഎൽഎ ആയ ശേഷം രാഹുൽ വാങ്ങിയ കാറിന് പൈസ എവിടെ നിന്നാണ് ലഭിച്ചത്. രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം എതിർത്തത് സ്വഭാവ ദൂഷ്യം കൊണ്ട് കൂടിയാണെന്നും കോൺ​ഗ്രസിൽ വിമർശനം ഉയരുന്നുണ്ട്. ഇന്നലെയാണ് യുവനടിയുടെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നിട്ടും ഷാഫി പറമ്പിൽ എംപി ഇതുവരേയും പ്രതികരിച്ചിട്ടില്ല.