Headlines

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; അന്വേഷണത്തിന് സമിതി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. സംഘടനനാപരമായ നടപടി മാത്രം മതിയെന്നും ധാരണ. രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും ധാരണയായി. സമിതിയെ നിയോഗിച്ച് ആരോപണങ്ങള്‍ പരിശോധിക്കും.

രണ്ടുദിവസം കഴിയുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന് ധാരണയായി. വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തേണ്ട എന്നാണ് നിര്‍ദേശം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനായി നേതാക്കളുടെ പിടിവലിയാണ്. കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്.
രണ്ടുദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന.

തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ മുന്നണിയുടെ രാഷ്ട്രീയ പോരാട്ടത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെട്ടത്.
രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തി മുന്നോട്ട് പോയാല്‍ ഇനിയും പരാതികള്‍ ഉയര്‍ന്നുവരുമെന്നതും കോണ്‍ഗ്രസിന് രാഹൂലിനെ കൈവിടാന്‍ പ്രേരണയായി. രേഖമൂലമുളള പരാതി ഇല്ലെങ്കിലും ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ച കര്‍ശന നിലപാടാണ് രാഹുലിന് വിനയായത്.