‘വാഴൂർ സോമൻ ജനകീയനായ നേതാവ്’; അനുശോചിച്ച് മുഖ്യമന്ത്രി

അന്തരിച്ച പീരുമേട് എം.എൽ. എ വാഴൂർ സോമൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സി.പി.ഐയുടെ പ്രധാന നേതാവുമായിരുന്നു. നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിൻ്റെ രീതി മാതൃകപരമാണ്. തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

അതേസമയം, വാഴൂർ സോമന്റെ ഭൗതിക ദേഹം എം എൻ സ്മാരകത്തിൽ എത്തിച്ചു. മന്ത്രിമാരായ പി രാജീവ്‌, വി എൻ വാസവൻ,കെ കൃഷ്ണൻ കുട്ടി, കെ രാജൻ,ജി ആർ അനിൽ എന്നിവർ എം എൻ സ്മാരകത്തിൽ എത്തി. നാളെ രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാർ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

ഇന്ന് തിരുവനന്തപുരത്ത് വെച്ചുനടന്ന റവന്യുവകുപ്പിൻ്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ തന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.