രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു, വിവാദങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ

ചെന്നിത്തലയും, തിരുവഞ്ചൂരും, സതീശനും തള്ളി.രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ വിവാദങ്ങളിൽ മൗനം പാലിച്ച് ഷാഫി പറമ്പിൽ. യൂത്ത് കോൺഗ്രസ് സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചിട്ടും വടകര എം പി വിഷയത്തിൽ പ്രതികരിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലും വി ഡി സതീശനുമാണ് എന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.

പരാതി ഉയര്‍ന്നപ്പോള്‍ രാഹുലിനെ സംരക്ഷിച്ചത് ഷാഫിയും വി ഡി സതീശനുമാണെന്നും ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വി കെ സനോജ് പറഞ്ഞു. വി ഡി സതീശന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്നും വേട്ടക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരൻ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചെന്നും രാഹുലിന്‍റെ എല്ലാ ചെയ്തികൾക്കും കൂട്ട് നിൽക്കുന്നത് ഷാഫി പറമ്പിൽ ആണെന്നും ഹണി ഭാസ്‍കരൻ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും പേടിച്ചിട്ടാണ് പലരും പരാതി നല്‍കാന്‍ തയ്യാറാകാത്തത് എന്നും ഹണി ഭാസ്‍കരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചാറ്റും അവർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.

അതേസമയം ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. യുവന‌ടി തന്റെ അടുത്ത സുഹൃത്താണെന്നും തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു.

ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഹണി ഭാസ്കറുടെ ആരോപണം അവര്‍ തെളിയിക്കട്ടെയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ആരോപണങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചത്. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും രാഹുൽ പറഞ്ഞു.

കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചത്. തെറ്റ് ചെയ്തത് കൊണ്ടല്ല രാജിയെന്നും പ്രവര്‍ത്തകരുടെ ബുദ്ധിമുട്ട് മാനിച്ചു കൊണ്ടാണെന്നും ആയിരുന്നു രാജി പ്രഖ്യാപനത്തിന് ശേഷമുള്ള രാഹുലിന്‍റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരും.