Headlines

നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി താല്‍ക്കാലിക വിസി സിസ തോമസിനെതിരെ നിര്‍ണായക നീക്കം. ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് സിസ തോമസിനെതിരെ പ്രമേയം പാസാക്കി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് നീക്കം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി രാജന്‍ വര്‍ഗീസ് ആണ് പ്രമേയം അവതരിപ്പിച്ചത്.

‘കെ ചിപ്പ്’ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല തന്നെ രൂപീകരിച്ച കമ്പനിക്കെതിരെ സിസ തോമസ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍വകലാശാലയുടെ പരമോന്നത ബോഡിയായ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സുമായി ആലോചിക്കാതെയായിരുന്നു ഈ നടപടി. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് ബോര്‍ഡ് ഓഫ് ഗവേണേഴ്‌സില്‍ പ്രമേയം കൊണ്ടുവന്നത്. പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച ഐടി സെക്രട്ടറി വൈസ് ചാന്‍സലറുടെ നടപടികളെ വിമര്‍ശിച്ചു. ഐടി നയ രൂപീകരണം ഉള്‍പ്പെടെയുള്ള യോഗങ്ങളില്‍ നിന്ന് വൈസ് ചാന്‍സലര്‍ വിട്ടു നില്‍ക്കുന്നു. സര്‍ക്കാര്‍ ക്ഷണിക്കുന്ന യോഗങ്ങളില്‍ പോലും വിസി പങ്കെടുക്കുന്നില്ലെന്നും ഐടി സെക്രട്ടറി വിമര്‍ശിച്ചു. വിസിയുടെ നടപടി ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിനെ വിശ്വാസത്തില്‍ എടുക്കാതെ എന്നും വിമര്‍ശനമുണ്ട്.

അക്കാദമിക് വിദഗ്ധര്‍, ഐടി വ്യവസായികള്‍, ഐഐടികളില്‍ നിന്നുള്ള പ്രതിനിധികള്‍, ഐടി സെക്രട്ടറി എന്നിവരെല്ലാമാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സിലുള്ളത്. ഐടി വ്യവസായിയായ വിജയ് ചന്ദ്രുവാണ് ഇതിന്റെ അധ്യക്ഷന്‍.