ഉത്തേജക മരുന്ന് പരിശോധനയില്‍ എന്‍.വി. ഷീനക്ക് തിരിച്ചടിയായത് എന്ത്?

മലയാളി ട്രിപ്പ്ള്‍ ജംപ് താരം എന്‍.വി. ഷീനക്ക് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടെ നടപടിയില്‍ കൂടുതല്‍ വിവരങ്ങള്‍ കാത്ത് കായിക കേരളം. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് വിലക്കിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഏത് നിരോധിത മരുന്നിന്റെ സാന്നിധ്യമാണ് താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് നാഡ വെളിപ്പെടുത്തിയിട്ടില്ല. സാമ്പിള്‍ ശേഖരിച്ച തീയതിയും എന്നു മുതലാണ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നതെന്നുമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പരിശീലകനോ പോഷകാഹാര വിധഗ്ദ്ധര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നോ എന്നൊക്കെയുള്ള വിവരങ്ങള്‍ ഇനിയും അറിവായിട്ടില്ല.

2018 ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച താരമാണ് ഷീന. 2015 കേരളം, 2022 ഗുജറാത്ത്, 2023 ഗോവ ദേശീയ ഗെയിംസുകളില്‍ സ്വര്‍ണം നേടി ഹാട്രിക്ക് കുറിച്ചിരുന്നു. ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ 2023ലെ ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു തൃശൂര്‍ ചേലക്കര സ്വദേശിയായ 32-കാരി. അതേ സമയം പരിശീലകന്റെ പിഴവാണോ ഇപ്പോഴുണ്ടായിരിക്കുന്ന നടപടിക്ക് പിന്നിലെന്നതും ചോദ്യമായി ഉയരുന്നുണ്ട്.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) പ്രസിദ്ധീകരിക്കുന്ന നിരോധിത വസ്തുക്കളുടെ പട്ടിക അത്ലറ്റുകള്‍ക്ക് നല്‍കുകയും അത്തരം മരുന്നുകളുടെ ഫലങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യ ഇത്തരം കാര്യങ്ങളില്‍ കായിക താരങ്ങള്‍ക്ക് അവബോധമുണ്ടാക്കാന്‍ വിവിധ ഏജന്‍സികളെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.