Headlines

യുക്രെയ്ന് വേണ്ടത് സമാധാനം’; വെടിനിർത്തൽ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച

വെടിനിർത്തൽ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച. യുക്രെയ്ന് ഭാവിയിൽ സുരക്ഷ ഉറപ്പ് നൽകാൻ വൈറ്റ്ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി. അമേരിക്ക-റഷ്യ -യുക്രെയ്ൻ ത്രികക്ഷി യോഗം നടത്താനും തീരുമാനമായി. ചർച്ചകൾക്കിടെ പുടിനുമായി 40 മിനിറ്റ് ട്രംപ് ഫോണിൽ സംസാരിച്ചു.

സെലൻസ്കി -പുടിൻ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുമെന്നും, കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. വെടിനിർത്തലല്ല ശാശ്വത സമാധാനമാണ് യുക്രെയ്ന് വേണ്ടതെന്നും സെലൻസ്കി വ്യക്തമാക്കി. വൈറ്റ്‌ ഹൗസിൽ യൂ റോപ്പ്യൻ നേതാക്കളൊടൊപ്പമുള്ള ട്രംപ് കൂടികാഴ്ചക്ക്‌ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പുടിൻ- സെലെൻസ്കി കൂടികാഴ്ച ഉടനെന്ന് യു എസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് അറിയിച്ചു. കൂടികാഴ്ച രണ്ടാഴ്ചക്കുള്ളിൽ നടക്കുവാൻ സാധ്യത.

കഴിഞ്ഞദിവസം അലാസ്‍കയിൽവച്ച്‌ ട്രംപ്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ യുക്രയ്ൻ വിഷയത്തിൽ അന്തിമ ധാരണയിൽ എത്തിയിരുന്നില്ല. സമാധാന കരാർ യാഥാർഥ്യമാക്കേണ്ടത്‌ സെലൻസ്കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ്‌ പ്രതികരിച്ചത്.ഡൊണെട്സ്ക്‌ വിട്ടുകിട്ടണമെന്ന പുടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സെലൻസ്കി പ്രതികരിച്ചു. പുടിനുമായുള്ള ചർച്ചയ്ക്കുശേഷം അദ്ദേഹം മുന്നോട്ടുവച്ച ആവശ്യങ്ങൾ ട്രംപ്‌ സെലൻസ്കിയെ അറിയിച്ചിരുന്നു.

സമാധാനത്തിനായി യുക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാൽ സെലെൻസ്കിക്ക് അത് എളുപ്പം അംഗീകരിക്കാൻ സാധിക്കില്ല. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ട്രംപിനെയും ലോകത്തെയും ബോധ്യപ്പെടുത്തുക എന്നതാണ് ഒരു വഴി.