Headlines

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന് പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് രാജ്‌നാഥ് സിങ്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിപി രാധാകൃഷ്ണന് പിന്തുണ തേടി കേന്ദ്രം. ഇന്ത്യസഖ്യത്തിന്റെ പിന്തുണ തേടി നേതാക്കളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫോണ്‍ ചെയ്തു. സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കില്ല എന്നാണ് ഡിഎംകെയുടെ നിലപാട്. ഇന്ന് ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സിപി രാധാകൃഷ്ണനെ തിരഞ്ഞെടുത്തതോടെ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി തേടുകയാണ് ബിജെപി. പ്രതിപക്ഷ നേതാക്കളുമായി ഇക്കാര്യം സംസാരിക്കാന്‍ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിനെ ചുമതലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി ഡിഎംകെ പിന്തുണ തേടി പ്രതിരോധ മന്ത്രി രാജ്‌നാസിംഗ് ഫോണില്‍ സംസാരിച്ചു.തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആക്കിയതെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇലങ്കോവന്‍ . പറഞ്ഞു. സിപി രാധാകൃഷ്ണനെ ഡിഎംകെ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും ഇന്ത്യ മുന്നണി സ്വന്തം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. പ്രത്യേക യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഇന്ത്യ മുന്നണി തയ്യാറെടുക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനും ഇന്ത്യ മുന്നണി പദ്ധതിയിടുന്നുണ്ട്.