Headlines

‘രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം കൊണ്ട് മറ്റ് സംഘടനകള്‍ നേട്ടമുണ്ടാക്കി, നമ്മള്‍ കാഴ്ചക്കാരായി’; യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണം ഏറ്റെടുക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത. ഇടതുപക്ഷവും യൂത്ത് ലീഗും നേട്ടം ഉണ്ടാക്കുമ്പോള്‍ കാഴ്ചക്കാരായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക വിവാദം യൂത്ത് കോണ്‍ഗ്രസിന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. കേരളത്തിലെ ബിജെപിയുടെ ഏക എംപിക്കെതിരെ പ്രതിഷേധത്തിന് അവസരം ലഭിച്ചിട്ടും നേതൃത്വത്തിന് ഒന്നും ചെയ്യാനായില്ല. ഇടതുപക്ഷം അവസരം ഉപയോഗിച്ചപ്പോള്‍ കാഴ്ചക്കാരായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്നും സംസ്ഥാന നേതൃത്വത്തിന്റെ ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നു. നാളെ യൂത്ത് ലീഗ് പ്രതിഷേധം നടത്തുമെങ്കിലും യൂത്ത് കോണ്‍ഗ്രസ് വിഷയം ചര്‍ച്ച പോലും ചെയ്തിട്ടില്ല എന്നത് ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി ഓര്‍മ്മപ്പെടുത്തി.

ഈമാസം 19 ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തണം എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. നേതൃത്വത്തിനെതിരെ സംഘടനയിലും കോണ്‍ഗ്രസിലും ഭിന്നസ്വരങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് വിമര്‍ശനങ്ങള്‍ അടങ്ങിയ വാട്ട്‌സ് ആപ്പ് ചാറ്റ് പുറത്ത് വരുന്നത്. അതേസമയം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറായിട്ടില്ല.