Headlines

ചീഫ് സെക്രട്ടറി എ ജയതിലകിന്റെ ഹാജര്‍നിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനാകില്ല; സ്വകാര്യ വിവരങ്ങള്‍ എന്ന് സര്‍ക്കാര്‍ വാദം

ചീഫ് സെക്രട്ടറി ഡോക്ടര്‍ എ.ജയതിലകിന്റെ ഹാജര്‍ നിലയും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതും അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചു വിവരാവകാശ പ്രകാരം ചോദിച്ചത് 9 ചോദ്യങ്ങളായിരുന്നു. ഇതില്‍ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ ഓഫീസര്‍ മറുപടി നല്‍കി. ഒന്ന് – രണ്ട് – അഞ്ച്- ആറ് ചോദ്യങ്ങളുടെ ഉത്തരം വ്യക്തിവിവരങ്ങള്‍ ആയതുകൊണ്ട് പുറത്തുനല്‍കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ന്യായം.മറ്റു ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയില്ല. ജയതിലകിനെതിരെ എന്തെങ്കിലും നടപടി സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടുണ്ടോ എന്നും എങ്കില്‍ അതിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടതിനും ഉത്തരം ഒന്നുതന്നെ.ജയതിലകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് പോകേണ്ടതില്ല എന്ന നിലപാട് സര്‍ക്കാരും വിവരാവകാശ ഓഫീസറും സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം.

ചീഫ് സെക്രട്ടറി ഡോക്ടര്‍ എ.ജയതിലക് ഐ.എ.എസിന്റെ ഹാജര്‍ നിലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍. വ്യക്തി വിവരങ്ങള്‍ ഉള്ളതുകൊണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ ഓഫീസര്‍ മറുപടി നല്‍കി. അനധികൃതമായി അവധിയെടുത്തതും ആനുകൂല്യം കൈപ്പറ്റിയതും അടക്കം ഓഫീസിലെ പീഡന ആരോപണവും ഉന്നയിച്ചായിരുന്നു ചോദ്യങ്ങള്‍

ജയതിലക് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന സമയം മുതലുള്ള ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന്റെ മറുപടി വിവരങ്ങള്‍ പുറത്തുവിടാന്‍ ആകില്ല എന്നാണ് പറയുന്നത്. സ്പാര്‍ക്ക് വഴി ജയതിലകിന്റെ ഹാജര്‍ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.ജയതിലകിന്റെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച പരാതികളും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങളും സര്‍ക്കാര്‍ തലത്തില്‍ മുക്കിയെന്നും ആരോപണമുണ്ട്.