Headlines

‘സിപിഐഎം കത്ത് വിവാദം ഞെട്ടിക്കുന്നത്, നേതാക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ എന്തെങ്കിലും അന്വേഷണം നടത്തിയോ?’ ചോദ്യങ്ങളുമായി വി ഡി സതീശന്‍

സിപിഐഎമ്മിലെ കത്ത് വിവാദം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തോടും സര്‍ക്കാരിനോടും ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമ്പത്തിക പരാതികളില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ ആള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധിയായതെങ്ങനെയെന്ന് വി ഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതുമായി ബന്ധപ്പെട്ട് എന്ത് ബന്ധമാണുള്ളതെന്നും എന്തുകൊണ്ട് ഇത് ഇത്രകാലം മൂടിവച്ചുവെന്നും അദ്ദേഹം ചോദിച്ചു. നേതാക്കള്‍ക്കെതിരെ വന്ന ഗുരുതര ആരോപണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിലെ കത്ത് വിവാദം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് വ്യവസായി ഉയര്‍ത്തുന്നത്. സിപിഐഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നാണ് ആരോപണം. സര്‍ക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക കൈമാറ്റം നടന്നിട്ടുള്ളത് എന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആരോപണവിധേയനായ ആള്‍ തന്നെ തനിക്കെതിരെ വ്യവസായി നല്‍കിയ കത്ത് കോടതിയില്‍ രേഖയായി ഹാജരാക്കിയത് എന്തിനെന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്ത് പുറത്തുവന്നത് എങ്ങനെയെന്നതിലാണ് ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍ നടക്കുന്നത്. നേതാക്കള്‍ക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍ പാര്‍ട്ടി നിലപാട് പറയണമെന്നും ഇക്കാര്യത്തില്‍ മകന്റെ പങ്കെന്തെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കട്ടേയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.