രാഷ്ട്രപതിക്കും ഗവർണ്ണർക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെ എതിർത്ത് കേന്ദ്ര സർക്കാർ. ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്. ഇത് രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാപരമായ അധികാരങ്ങളിലുള്ള കൈകടത്തലായി വ്യാഖ്യാനിക്കാമെന്നും, അമിതാധികാര പ്രയോഗമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഗവർണർമാർ മനഃപൂർവ്വം കാലതാമസം വരുത്തുന്നുവെന്ന് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ രാഷ്ട്രപതി തന്നെ പ്രസിഡന്റ് റെഫറൻസ് വഴി സുപ്രീംകോടതിയെ സമീപിച്ചു. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിന് സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് റെഫറൻസിൽ ചൂണ്ടിക്കാട്ടി. ഇതിനെ പിന്തുണച്ചുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 142 സുപ്രീംകോടതിക്ക് ഒരു പ്രത്യേക അധികാരം നൽകുന്നുണ്ട്. ഏതെങ്കിലും കേസിൽ സമ്പൂർണ നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ഉത്തരവുകൾ പുറപ്പെടുവിക്കാനും കോടതിക്ക് ഇത് അധികാരം നൽകുന്നു. അയോധ്യ കേസ് ഉൾപ്പെടെയുള്ള പല പ്രധാന കേസുകളിലും ഈ അനുച്ഛേദം ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ ബില്ലുകൾക്ക് അംഗീകാരം നൽകാൻ സമയപരിധി നിശ്ചയിക്കുന്നത് ഈ അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഭരണഘടനാപരമായ ചുമതലകളുള്ള രാഷ്ട്രപതിക്കും ഗവർണർക്കും ഇത്തരത്തിൽ ഒരു സമയപരിധി വെക്കുന്നത് അവരുടെ അധികാരത്തിലുള്ള അതിക്രമമാണ്. ഇത് കോടതിയുടെ അമിതാധികാര പ്രയോഗമായി വ്യാഖ്യാനിക്കാമെന്നും കേന്ദ്രം വാദിച്ചു.
കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഗവർണർമാരുടെ ഭാഗത്തുനിന്നുള്ള കാലതാമസം ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിക്കുന്നു. നിയമനിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസം വരുന്നത് സംസ്ഥാനങ്ങളുടെ ഭരണത്തെ തടസ്സപ്പെടുത്തുമെന്നും വാദിക്കുന്നു.എന്നാൽ കേന്ദ്രസർക്കാർ ഈ വാദങ്ങളെ എതിർക്കുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകുക എന്നത് രാഷ്ട്രപതിയുടെയും ഗവർണറുടെയും വിവേചനാധികാരമാണ്. ഭരണഘടന അത്തരമൊരു സമയപരിധി നിശ്ചയിക്കുന്നില്ല. അതുകൊണ്ട് കോടതിക്ക് ആ അധികാരം ഏറ്റെടുക്കാനാകില്ല. ഈ വിഷയത്തിൽ കൂടുതൽ വാദം കേൾക്കാൻ സുപ്രീംകോടതി തയ്യാറെടുക്കുമ്പോഴാണ് കേന്ദ്ര സർക്കാർ എതിർപ്പുമായി രംഗത്തെത്തിയത്.